Friday 22 April 2011

28 വര്‍ഷം പെന്‍ഷന്‍ 1000 രൂപ!



വീടിന്റെ മുറ്റത്തേക്കിറങ്ങുന്ന ഒതുക്കുകല്ലില്‍ ഇരുന്ന് പട്ടിക്കുട്ടിയോട് സൗഹൃദം പങ്കിടുന്ന നാരായണ നായിക്. വയസ്സ് ഇരുപത്തിയെട്ട് പിന്നിട്ടിട്ടും ഏഴുവയസ്സുകാരന്റെ വലുപ്പം മാത്രം. എന്‍ഡോസള്‍ഫാന്‍ വിതച്ച ഭീകരത ലോകത്തോട് വിളിച്ചുപറഞ്ഞു ആ ചിത്രം. എന്‍മകജെ പഞ്ചായത്തിലെ പെനെദ്രയിലെ കര്‍ഷകനായ ദേവപ്പ നായികിന്റെ മകന്‍. എന്‍മകജെയുടെ ജീവദായിനിയായ കൊടങ്കേരി തോടിനു സമീപമാണ് ഇവരുടെ വീട്. ഈ തോടിനെയാണ് എന്‍ഡോസള്‍ഫാന്‍ വിഷനീരുറവയാക്കിയത്. ദേവപ്പ നായികിന്റെ അഞ്ചു മക്കളില്‍ മൂത്തവനാണ് നാരായണ നായിക്.



2001-നു ശേഷം 2006-ല്‍ നാരായണനായികിനെ കാണുമ്പോള്‍ നായിക് ബാല്യത്തിന്റെ നൈര്‍മല്യം കടന്ന് കൗമാരത്തിന്റെ പടിയില്‍ നില്‍ക്കുമ്പോലെ തോന്നിയിരുന്നു. 2010-ല്‍ മുന്നില്‍ വന്നത് യുവാവായ നാരായണനായിക്. നാലു വര്‍ഷമായി പരസഹായമില്ലാതെ അവന്‍ നടക്കാന്‍ തുടങ്ങി. സംസാരിക്കാനും. കുളിക്കുന്നതൊഴികെ പ്രാഥമികകാര്യങ്ങള്‍ ഇപ്പോള്‍ തനിച്ചു ചെയ്യാം. ഡോക്ടര്‍ മോഹന്‍കുമാറിന്റെ ചികിത്സയിലാണിന്ന്.

നാരായണ നായികിന്റെ വീട്ടിലേക്ക് വഴികാട്ടിയായി ഒരു കര്‍ഷകനും കൂടെയുണ്ടായിരുന്നു. നായികിന് അയാളുടെ കണ്ണടയിലായി കൗതുകം. കണ്ണടവെച്ച് ഫോട്ടോ എടുക്കണമെന്നും പറഞ്ഞു. കഴിഞ്ഞ രണ്ടു യാത്രകളിലും കണ്ടതിനേക്കാള്‍ ആക്ടിവ് ആയിരുന്നു നായിക്.



കാണുന്ന മനസ്സുകളെ നൊമ്പരപ്പെടുത്തുന്നതായിരുന്നു നാരായണ നായികിന്റെ പഴയ ചിത്രം. എന്നാല്‍ അതിലേറെ അസ്വസ്ഥമാക്കുന്നതായിരുന്നു നായികിനോട് സര്‍ക്കാര്‍ ഇന്നേവരെ കാട്ടിയ സമീപനം. ഇത്രയും കാലമായി നായികിന് ആകെ കിട്ടിയ പെന്‍ഷന്‍ തുക 1000 രൂപ മാത്രം!! 500 രൂപ, 500 രൂപ വെച്ച് രണ്ടുതവണ മാത്രം.'

തുറന്നുകാട്ടലുകള്‍



എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരിതങ്ങള്‍ ലോകത്തോടു വിളിച്ചുപറഞ്ഞ ജേണലിസ്റ്റ് ശ്രീപെഡ്രെ ഇന്നും കര്‍മനിരതനാണ്. 2001-ല്‍ അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലുള്ള CSE (Centre for Science and Environment) പഠനസംഘം എന്‍മകജെയില്‍ എത്തുന്നത് ഇദ്ദേഹത്തിന്റെ ശ്രമഫലമായിരുന്നു. ദുരിതത്തില്‍ മുങ്ങിത്താഴുന്ന നിരാലംബര്‍ക്ക് കിട്ടിയ കച്ചിത്തുരുമ്പായിരുന്നു CSE-യുടെ പഠനറിപ്പോര്‍ട്ട്. കാര്‍ഷികവിദഗ്ധരും കൃഷിശാസ്ത്രജ്ഞരും അന്നുവരെ എന്‍ഡോസള്‍ഫാന്‍ സ്‌പ്രേ ചെയ്യുന്നതിനെ ന്യായീകരിച്ചത് ശാസ്ത്രീയമായ തെളിവ് ചോദിച്ചായിരുന്നു. പഠനസംഘം ഒരാഴ്ചക്കാലം ഇവിടെ താമസിച്ചാണ് പരിശോധന നടത്തിയത്. എന്‍മകജെയുടെ ജീവദായിനിയായ കൊടങ്കേരി തോട്ടിലെ വെള്ളത്തില്‍ അവര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ എന്‍ഡോസള്‍ഫാന്റെ അളവ് വെള്ളത്തില്‍ അനുവദനീയമായ അളവിന്റെ 51 ഇരട്ടിയാണ്. കൊടങ്കേരി തോട്ടിന്‍കരയില്‍ കഴിയുന്ന രോഗിയായ കിട്ടണ്ണഷെട്ടിയുടെ അമ്മയുടെ രക്തത്തില്‍ കണ്ടെത്തിയത് ജലത്തില്‍ അനുവദനീയമായ പരമാവധി അളവിന്റെ 900 ഇരട്ടി!!

മണ്ണിലും വെള്ളത്തിലും പുല്ലിലും പച്ചക്കറിയിലും മൃഗങ്ങളിലും മനുഷ്യരക്തത്തിലും മുലപ്പാലില്‍പ്പോലും അവര്‍ എന്‍ഡോസള്‍ഫാന്റെ ഭീതിദമായ സാന്നിധ്യം കണ്ടെത്തി.
ലോകമനഃസാക്ഷിയെ മാത്രമല്ല, ഈ വിവരം ഞെട്ടിച്ചത്, എന്‍ഡോസള്‍ഫാനും കീടനാശിനി ലോബിക്കും വേണ്ടി എന്തുംചെയ്യാന്‍ സന്നദ്ധരാകുന്ന വിദഗ്ധരെയും ശാസ്ത്രജ്ഞരെയും അവരെ സംരക്ഷിക്കുന്ന കോര്‍പ്പറേറ്റ് താത്പര്യങ്ങളെയും രാഷ്ട്രീയ അവിശുദ്ധ ബന്ധങ്ങളെയുമായിരുന്നു.'

വിഷാദകാവ്യം



2010 നവംബര്‍ 6-ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ അവസാനശ്വാസം വലിക്കുമ്പോഴെങ്കിലും കവിതയോട് പുറത്തേക്ക് തള്ളിനില്ക്കുന്ന അവളുടെ നാവ് കരുണകാട്ടിക്കാണുമോ? വിധിയുടെ ക്രൂരത കാണുമ്പോള്‍ നമുക്ക് ശുഭാപ്തിവിശ്വാസിയാകാനാകുന്നില്ല. സര്‍ക്കാര്‍വക കൃഷിവകുപ്പിന്റെ ഭീകരതയുടെ ഇരയായി ഓര്‍ക്കുന്നവര്‍ക്കെല്ലാം വേദന മാത്രം നല്കി ഒരു വിഷാദകാവ്യമായി കവിത. ബദിയടുക്ക പഞ്ചായത്തിലെ പള്ളത്തടുക്കത്തിലെ കര്‍ഷകവീട്ടില്‍ രാവിലെയെത്തുമ്പോള്‍ അമ്മയും സഹോദരങ്ങളും സ്‌നേഹപൂര്‍വം ഞങ്ങളെ സ്വീകരിച്ചു. അന്തരിച്ച കര്‍ഷകനായ വെങ്കപ്പനായിക്കിന്റെയും പാര്‍വതിയുടെയും എട്ടാമത്തെ കുട്ടിയായിരുന്നു കവിത. കവിതയുടെ വിയോഗത്തോടുകൂടി ഒരു കുടുംബത്തെ ഗ്രസിച്ച ദുരന്തം ഒടുങ്ങുന്നില്ല. കഴിഞ്ഞ എട്ടുവര്‍ഷം മുന്‍പുവരെ എഴുന്നേറ്റ് നടക്കാന്‍പോലുമാകാതിരുന്ന ബുദ്ധിമാന്ദ്യമുള്ള നാരായണനാണ് ആ കുടുംബത്തിന്റെ മറ്റൊരു ദുഃഖം.
ബദിയടുക്ക പഞ്ചായത്തിലെ പ്ലാന്റേഷന്‍ മേഖലയായ പെരഡാറില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന ഹെലികോപ്റ്റര്‍ തിരിക്കുന്നതിനു താഴെയാണ് ഇവരുടെ വീട്. കര്‍ഷകനായ വെങ്കപ്പനായിക്കിന്റെ കുഞ്ഞുങ്ങള്‍ കുഞ്ഞുനാള്‍ മുതല്‍ ഹെലികോപ്റ്റര്‍ കണ്‍നിറയെ കണ്ടു. അത് പെയ്യുന്ന മഴയില്‍ കുളിച്ചുതിമിര്‍ത്തു. ദുരിതം ഒരു കടലായി ആ വീട്ടില്‍ പിന്നീട് പെയ്തു.
നാവ് പുറത്തുനീട്ടി 2006-ല്‍ മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച കവിതയുടെ ദൈന്യത കണ്ട് മനസ്സ് നോവാത്തവരില്ല. പക്ഷേ, അധികൃതരെ മാത്രം അത് സ്പര്‍ശിച്ചില്ല. മരിക്കുംവരെ ഒരാനുകൂല്യവും സര്‍ക്കാര്‍ നല്കിയിട്ടില്ലെന്ന് കവിതയുടെ ജ്യേഷ്ഠന്‍ ആണയിടുന്നു. സഹോദരനായ നാരായണന് സര്‍ക്കാര്‍വക വികലാംഗപെന്‍ഷന്‍ 300 രൂപ വീതം കിട്ടുന്നുണ്ട്. അത്രയെങ്കിലും ആശ്വാസ

മരത്തിന്റെ അമ്മ



വിഷമഴയ്‌ക്കെതിരെ ഉയര്‍ന്ന ആദ്യശബ്ദം എം.കെ. ലീലാകുമാരിയമ്മയുടേതാണ്. വിഷംതളിക്കുന്നതിനെതിരെ സ്വന്തം ഡിപ്പാര്‍ട്ടുമെന്റിനെതിരെ അവര്‍ നടത്തിയ നാലുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ 1998-ല്‍ ഹോസ്ദുര്‍ഗ് മുന്‍സിഫ് കോടതിയില്‍ നിന്ന് ഏരിയല്‍ സ്‌പ്രേക്കെതിരെ താത്കാലിക സ്റ്റേ നേടി.

ഈ സമരത്തില്‍ ആദ്യകാലത്ത് നാട്ടുകാരുടെ ഒറ്റപ്പെടുത്തലും സഹപ്രവര്‍ത്തകരുടെ അവഹേളനവും ഈ അമ്മ അതിജീവിച്ചത് കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ പിന്തുണകൊണ്ടായിരുന്നു. 2000 ഒക്ടോബറില്‍ മുന്‍സിഫ് കോടതിയുടെ പെര്‍മനന്റ് വിധിയും നേടി. തുടര്‍ന്നുള്ള പോരാട്ടങ്ങളില്‍ കൂടെനിന്ന സീക്ക്, തണല്‍ തുടങ്ങിയ സംഘടനകളെ ടീച്ചര്‍ സ്‌നേഹപൂര്‍വം ഓര്‍ക്കുന്നു. കാസര്‍കോട്ട് പിന്നീട് നടന്ന എല്ലാ പോരാട്ടങ്ങള്‍ക്കും ഊര്‍ജം പകര്‍ന്ന ഈ വിധി നല്കിയ ശക്തിയില്‍ മുന്നോട്ട് പോയതാണ് വ്യക്തികളും സംഘടനകളും നടത്തിയ ചെറുത്തുനില്പുകള്‍. കാസര്‍കോട് പരിസ്ഥിതി സമിതി, 'പുഞ്ചിരി' ക്ലബ്ബ് തുടങ്ങിയ സംഘടനകളെയും ഡോ. വൈ.എസ്. മോഹന്‍കുമാര്‍, ശ്രീപെദ്രെ തുടങ്ങിയവരെയും ടീച്ചര്‍ ഓര്‍ക്കുന്നു.

പയ്യാവൂര്‍ സ്വദേശിയായ ലീലാകുമാരിയമ്മ പെരിയയിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥയായി 1993-ലാണ് ഇവിടെ വീടുവെച്ചത്. രണ്ടുവര്‍ഷം പെരിയയില്‍നിന്ന് വീടുപണിക്ക് മേല്‍നോട്ടം വഹിച്ച ജ്യേഷ്ഠന്‍ രാമകൃഷ്ണന് പുതിയവീട്ടില്‍ ഏറെനാള്‍ കഴിയാനുള്ള ഭാഗ്യമുണ്ടായില്ല. ഒരു മാസത്തിനകം കാഴ്ചമങ്ങി ശരീരമാകെ തളര്‍ന്ന് രോഗം തിരിച്ചറിയാനാകാതെ മരണപ്പെട്ടു. തുടര്‍ന്ന് വീട്ടില്‍ എല്ലാവര്‍ക്കും ഇതേ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. സ്‌കൂളില്‍ പഠിക്കുന്ന മകന്‍ ഒരു വര്‍ഷത്തോളം കിടപ്പിലായി. ഒപ്പം ശരീരമാസകലം ചൊറിയും ശ്വാസതടസ്സവും. മംഗലാപുരത്തെയും മണിപ്പാലിലെയും ആശുപത്രികളില്‍ നിത്യസന്ദര്‍ശകരായി. ലക്ഷങ്ങള്‍ ചികിത്സയ്ക്കായി ചെലവായി.

ഗത്യന്തരമില്ലാതെ 1993-ല്‍ മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും കോട്ടയത്തുള്ള പി.സി.കെ. ചെയര്‍മാനും വിഷമടിക്കരുതെന്നും ജീവിക്കാനനുവദിക്കണമെന്നും അഭ്യര്‍ഥിച്ച് പരാതി നല്കി. ഒരു പ്രതികരണവുമില്ലാതിരുന്ന അവസ്ഥയിലായിരുന്നു നിയമയുദ്ധത്തിനൊരുങ്ങിയത്. 2001 ഒക്ടോബര്‍ 18 ഒരു കറുത്ത ദിനമായിരുന്നു. ഏരിയല്‍ സ്‌പ്രേക്കെതിരെ പെര്‍മനന്റ് വിധി നേടിയ ആദ്യ വാര്‍ഷികദിനം. നിയന്ത്രണംവിട്ടുവന്ന ഒരു ലോറി ഇവര്‍ സഞ്ചരിച്ച ഓട്ടോ ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ് ലീലാകുമാരിയമ്മ മൂന്നുവര്‍ഷം കിടപ്പിലായി. നീണ്ട വൈദ്യസഹായത്തിനൊടുവില്‍ വടിയുടെ താങ്ങില്‍ ഇന്ന് അതിജീവനസമരത്തിന്റെ കാതങ്ങള്‍ താണ്ടുന്നു.

28 വര്‍ഷം താന്‍ സേവനമനുഷ്ഠിച്ച കൃഷിവകുപ്പിന് അവര്‍ നല്കിയ നാമം 'ജീവനാശിനി' ഡിപ്പാര്‍ട്ടുമെന്റ് എന്നാണ്. പ്രകൃതിയോട് യുദ്ധം പ്രഖ്യാപിക്കുന്ന രാസ-വള-കീടനാശിനികള്‍ക്കും കൃഷിരീതികള്‍ക്കുമെതിരെയുള്ള ഒരു സന്ദേശമാണിന്ന് ഇവര്‍ക്ക് ജീവിതം. ഒരുദിവസം രണ്ടും മൂന്നും മീറ്റിങ്ങുകളില്‍ പങ്കെടുക്കാനായി ഇവര്‍ സമയം കണ്ടെത്തുന്നു. അനുഭവങ്ങള്‍ ലളിതമായ ഭാഷയില്‍ കുട്ടികളോടും നാട്ടുകാരോടും പങ്കുവെക്കുന്നു.'

തീരെ ചെറിയ കരച്ചിലുകള്‍


ബോവിക്കാനത്തിനടുത്തുള്ള മൂലടക്കം ലക്ഷംവീട് കോളനിയിലാണ് സൈനബയുടെ വീട്. സൈനബ നമ്മെ വിട്ടുപിരിഞ്ഞിട്ട് പത്തുവര്‍ഷമാകുന്നു. വിഷമഴയില്‍ എരിഞ്ഞുപോയ ഒരു കുരുന്നു പ്രാണന്‍. അനക്കാനാവാത്ത തലയുമായി നിലവിളിക്കുന്ന സൈനബയുടെ മുഖം ഇന്ന് എന്‍ഡോസള്‍ഫാന്‍ ഭീകരതയുടെ പര്യായമാണ്. വിഷംതീണ്ടി വേദനിക്കുന്ന ഭൂമിയുടെ നിലവിളിപോലെയാണ് ലോകത്തിന് അവളുടെ ഓര്‍മകള്‍.



സന്ധ്യയ്ക്ക് വീട്ടിലെത്തുമ്പോള്‍ സൈനബയുടെ ഉമ്മ ജമീലയും കുഞ്ഞനുജത്തി നഫീസത്ത് സായിദ(6)യും പുറത്തേക്ക് വന്നു. ഇരുട്ടുപൊതിഞ്ഞ കോളനിയിലെ വീട്ടില്‍ ബള്‍ബിന്റെ മഞ്ഞവെളിച്ചത്തിനു താഴെ അവളുടെ ചിരി തിളങ്ങി. ജമീലയുടെ ഒരു കണ്ണിന് കാഴ്ചയില്ല. സൈനബയുടെ വിയോഗത്തിനു പിന്നാലെ ഭര്‍ത്താവ് ഷാഫി അവരെ മൊഴിചൊല്ലി വേറെ വിവാഹം കഴിച്ചു. ആടിനെ വളര്‍ത്തിയാണ് ജമീല കുടുംബം പുലര്‍ത്തുന്നത്. പിന്നെ ഉദാരമതികളുടെ സംഭാവനകൊണ്ടും.'

ഒരച്ഛന്റെ ഡയറിക്കുറിപ്പുകള്‍

മുന്നില്‍ മെല്ലെ മെല്ലെ മരണത്തിനു കീഴടങ്ങുന്ന മകന്‍. മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി മൃത്യുവിനോടുള്ള ഒരച്ഛന്റെ പോരാട്ടങ്ങള്‍ അടയാളപ്പെടുത്തിയതാണ് ഈ ഡയറി. ഇതില്‍ സ്‌നേഹമുണ്ട്, മരണമുണ്ട്, സ്വപ്നങ്ങളും കണ്ണീരും പ്രത്യാശയുമുണ്ട്...

തുടര്‍ന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നമ്മള്‍ കാണാനിഷ്ടപ്പെടാത്ത ചിത്രങ്ങള്‍


എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖലയില്‍ വീണ്ടും.  2001ലും 2006ലും നടത്തിയ കാസര്‍കോട് യാത്രകളുടെ തുടര്‍ച്ച. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഏരിയല്‍ സ്‌പ്രേയിങ് നിര്‍ത്തിവെച്ച കാലഘട്ടം കൂടിയാണ്. പക്ഷേ, ഇവിടത്തെ മനുഷ്യജീവിതങ്ങള്‍ക്ക് കാര്യമായ ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഈ ചിത്രങ്ങള്‍. മനുഷ്യന്റെ ജനിതകഘടനയെത്തന്നെ മാറ്റിമറിക്കുന്ന ദുരന്തങ്ങള്‍ വരുംതലമുറകളിലും ആവര്‍ത്തിക്കുമെന്ന സൂചനകളാണിത്. പ്രഖ്യാപിക്കപ്പെട്ട നഷ്ടപരിഹാരങ്ങളുടെ പൊള്ളത്തരങ്ങള്‍ ഇവിടെ തുറന്നുകാട്ടപ്പെടുന്നു. തങ്ങളുടെ ദുരിതത്തിനുകാരണം എന്‍ഡോസള്‍ഫാന്‍ എന്ന മാരകകീടനാശിനിയാണെന്ന യാഥാര്‍ഥ്യം അറിയാത്ത അനേകര്‍ ഇപ്പോഴും ഇവിടെയുണ്ട്. ഒരു സര്‍വേകളിലും ഇവരുള്‍പ്പെട്ടിട്ടില്ല. പാലക്കാട്ടെ കാര്‍ഷികമേഖലയായ മുതലമടയിലും ഇടുക്കിയിലെ കട്ടപ്പനയിലും നടത്തിയ യാത്രകളുടെ ചിത്രങ്ങളും ഒപ്പമുണ്ട്. കീടനാശിനി പ്രയോഗം വ്യാപകമായ ഈ പ്രദേശങ്ങളില്‍നിന്നുള്ള വളരെ കുറച്ച് ചിത്രങ്ങള്‍, ദുരന്തമലയുടെ അറ്റം മാത്രമാണിത് എന്ന തിരിച്ചറിവോടെ ഞങ്ങള്‍ അവതരിപ്പിക്കുന്നു.