Friday 22 April 2011

28 വര്‍ഷം പെന്‍ഷന്‍ 1000 രൂപ!



വീടിന്റെ മുറ്റത്തേക്കിറങ്ങുന്ന ഒതുക്കുകല്ലില്‍ ഇരുന്ന് പട്ടിക്കുട്ടിയോട് സൗഹൃദം പങ്കിടുന്ന നാരായണ നായിക്. വയസ്സ് ഇരുപത്തിയെട്ട് പിന്നിട്ടിട്ടും ഏഴുവയസ്സുകാരന്റെ വലുപ്പം മാത്രം. എന്‍ഡോസള്‍ഫാന്‍ വിതച്ച ഭീകരത ലോകത്തോട് വിളിച്ചുപറഞ്ഞു ആ ചിത്രം. എന്‍മകജെ പഞ്ചായത്തിലെ പെനെദ്രയിലെ കര്‍ഷകനായ ദേവപ്പ നായികിന്റെ മകന്‍. എന്‍മകജെയുടെ ജീവദായിനിയായ കൊടങ്കേരി തോടിനു സമീപമാണ് ഇവരുടെ വീട്. ഈ തോടിനെയാണ് എന്‍ഡോസള്‍ഫാന്‍ വിഷനീരുറവയാക്കിയത്. ദേവപ്പ നായികിന്റെ അഞ്ചു മക്കളില്‍ മൂത്തവനാണ് നാരായണ നായിക്.



2001-നു ശേഷം 2006-ല്‍ നാരായണനായികിനെ കാണുമ്പോള്‍ നായിക് ബാല്യത്തിന്റെ നൈര്‍മല്യം കടന്ന് കൗമാരത്തിന്റെ പടിയില്‍ നില്‍ക്കുമ്പോലെ തോന്നിയിരുന്നു. 2010-ല്‍ മുന്നില്‍ വന്നത് യുവാവായ നാരായണനായിക്. നാലു വര്‍ഷമായി പരസഹായമില്ലാതെ അവന്‍ നടക്കാന്‍ തുടങ്ങി. സംസാരിക്കാനും. കുളിക്കുന്നതൊഴികെ പ്രാഥമികകാര്യങ്ങള്‍ ഇപ്പോള്‍ തനിച്ചു ചെയ്യാം. ഡോക്ടര്‍ മോഹന്‍കുമാറിന്റെ ചികിത്സയിലാണിന്ന്.

നാരായണ നായികിന്റെ വീട്ടിലേക്ക് വഴികാട്ടിയായി ഒരു കര്‍ഷകനും കൂടെയുണ്ടായിരുന്നു. നായികിന് അയാളുടെ കണ്ണടയിലായി കൗതുകം. കണ്ണടവെച്ച് ഫോട്ടോ എടുക്കണമെന്നും പറഞ്ഞു. കഴിഞ്ഞ രണ്ടു യാത്രകളിലും കണ്ടതിനേക്കാള്‍ ആക്ടിവ് ആയിരുന്നു നായിക്.



കാണുന്ന മനസ്സുകളെ നൊമ്പരപ്പെടുത്തുന്നതായിരുന്നു നാരായണ നായികിന്റെ പഴയ ചിത്രം. എന്നാല്‍ അതിലേറെ അസ്വസ്ഥമാക്കുന്നതായിരുന്നു നായികിനോട് സര്‍ക്കാര്‍ ഇന്നേവരെ കാട്ടിയ സമീപനം. ഇത്രയും കാലമായി നായികിന് ആകെ കിട്ടിയ പെന്‍ഷന്‍ തുക 1000 രൂപ മാത്രം!! 500 രൂപ, 500 രൂപ വെച്ച് രണ്ടുതവണ മാത്രം.'

1 comment:

  1. I feel pity of our govt.. Echi pathrathil nakkane avarku ariyukayollu......

    ReplyDelete