Friday, 22 April 2011

മരത്തിന്റെ അമ്മവിഷമഴയ്‌ക്കെതിരെ ഉയര്‍ന്ന ആദ്യശബ്ദം എം.കെ. ലീലാകുമാരിയമ്മയുടേതാണ്. വിഷംതളിക്കുന്നതിനെതിരെ സ്വന്തം ഡിപ്പാര്‍ട്ടുമെന്റിനെതിരെ അവര്‍ നടത്തിയ നാലുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ 1998-ല്‍ ഹോസ്ദുര്‍ഗ് മുന്‍സിഫ് കോടതിയില്‍ നിന്ന് ഏരിയല്‍ സ്‌പ്രേക്കെതിരെ താത്കാലിക സ്റ്റേ നേടി.

ഈ സമരത്തില്‍ ആദ്യകാലത്ത് നാട്ടുകാരുടെ ഒറ്റപ്പെടുത്തലും സഹപ്രവര്‍ത്തകരുടെ അവഹേളനവും ഈ അമ്മ അതിജീവിച്ചത് കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ പിന്തുണകൊണ്ടായിരുന്നു. 2000 ഒക്ടോബറില്‍ മുന്‍സിഫ് കോടതിയുടെ പെര്‍മനന്റ് വിധിയും നേടി. തുടര്‍ന്നുള്ള പോരാട്ടങ്ങളില്‍ കൂടെനിന്ന സീക്ക്, തണല്‍ തുടങ്ങിയ സംഘടനകളെ ടീച്ചര്‍ സ്‌നേഹപൂര്‍വം ഓര്‍ക്കുന്നു. കാസര്‍കോട്ട് പിന്നീട് നടന്ന എല്ലാ പോരാട്ടങ്ങള്‍ക്കും ഊര്‍ജം പകര്‍ന്ന ഈ വിധി നല്കിയ ശക്തിയില്‍ മുന്നോട്ട് പോയതാണ് വ്യക്തികളും സംഘടനകളും നടത്തിയ ചെറുത്തുനില്പുകള്‍. കാസര്‍കോട് പരിസ്ഥിതി സമിതി, 'പുഞ്ചിരി' ക്ലബ്ബ് തുടങ്ങിയ സംഘടനകളെയും ഡോ. വൈ.എസ്. മോഹന്‍കുമാര്‍, ശ്രീപെദ്രെ തുടങ്ങിയവരെയും ടീച്ചര്‍ ഓര്‍ക്കുന്നു.

പയ്യാവൂര്‍ സ്വദേശിയായ ലീലാകുമാരിയമ്മ പെരിയയിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥയായി 1993-ലാണ് ഇവിടെ വീടുവെച്ചത്. രണ്ടുവര്‍ഷം പെരിയയില്‍നിന്ന് വീടുപണിക്ക് മേല്‍നോട്ടം വഹിച്ച ജ്യേഷ്ഠന്‍ രാമകൃഷ്ണന് പുതിയവീട്ടില്‍ ഏറെനാള്‍ കഴിയാനുള്ള ഭാഗ്യമുണ്ടായില്ല. ഒരു മാസത്തിനകം കാഴ്ചമങ്ങി ശരീരമാകെ തളര്‍ന്ന് രോഗം തിരിച്ചറിയാനാകാതെ മരണപ്പെട്ടു. തുടര്‍ന്ന് വീട്ടില്‍ എല്ലാവര്‍ക്കും ഇതേ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. സ്‌കൂളില്‍ പഠിക്കുന്ന മകന്‍ ഒരു വര്‍ഷത്തോളം കിടപ്പിലായി. ഒപ്പം ശരീരമാസകലം ചൊറിയും ശ്വാസതടസ്സവും. മംഗലാപുരത്തെയും മണിപ്പാലിലെയും ആശുപത്രികളില്‍ നിത്യസന്ദര്‍ശകരായി. ലക്ഷങ്ങള്‍ ചികിത്സയ്ക്കായി ചെലവായി.

ഗത്യന്തരമില്ലാതെ 1993-ല്‍ മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും കോട്ടയത്തുള്ള പി.സി.കെ. ചെയര്‍മാനും വിഷമടിക്കരുതെന്നും ജീവിക്കാനനുവദിക്കണമെന്നും അഭ്യര്‍ഥിച്ച് പരാതി നല്കി. ഒരു പ്രതികരണവുമില്ലാതിരുന്ന അവസ്ഥയിലായിരുന്നു നിയമയുദ്ധത്തിനൊരുങ്ങിയത്. 2001 ഒക്ടോബര്‍ 18 ഒരു കറുത്ത ദിനമായിരുന്നു. ഏരിയല്‍ സ്‌പ്രേക്കെതിരെ പെര്‍മനന്റ് വിധി നേടിയ ആദ്യ വാര്‍ഷികദിനം. നിയന്ത്രണംവിട്ടുവന്ന ഒരു ലോറി ഇവര്‍ സഞ്ചരിച്ച ഓട്ടോ ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ് ലീലാകുമാരിയമ്മ മൂന്നുവര്‍ഷം കിടപ്പിലായി. നീണ്ട വൈദ്യസഹായത്തിനൊടുവില്‍ വടിയുടെ താങ്ങില്‍ ഇന്ന് അതിജീവനസമരത്തിന്റെ കാതങ്ങള്‍ താണ്ടുന്നു.

28 വര്‍ഷം താന്‍ സേവനമനുഷ്ഠിച്ച കൃഷിവകുപ്പിന് അവര്‍ നല്കിയ നാമം 'ജീവനാശിനി' ഡിപ്പാര്‍ട്ടുമെന്റ് എന്നാണ്. പ്രകൃതിയോട് യുദ്ധം പ്രഖ്യാപിക്കുന്ന രാസ-വള-കീടനാശിനികള്‍ക്കും കൃഷിരീതികള്‍ക്കുമെതിരെയുള്ള ഒരു സന്ദേശമാണിന്ന് ഇവര്‍ക്ക് ജീവിതം. ഒരുദിവസം രണ്ടും മൂന്നും മീറ്റിങ്ങുകളില്‍ പങ്കെടുക്കാനായി ഇവര്‍ സമയം കണ്ടെത്തുന്നു. അനുഭവങ്ങള്‍ ലളിതമായ ഭാഷയില്‍ കുട്ടികളോടും നാട്ടുകാരോടും പങ്കുവെക്കുന്നു.'

No comments:

Post a Comment