Friday 22 April 2011

തുറന്നുകാട്ടലുകള്‍



എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരിതങ്ങള്‍ ലോകത്തോടു വിളിച്ചുപറഞ്ഞ ജേണലിസ്റ്റ് ശ്രീപെഡ്രെ ഇന്നും കര്‍മനിരതനാണ്. 2001-ല്‍ അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലുള്ള CSE (Centre for Science and Environment) പഠനസംഘം എന്‍മകജെയില്‍ എത്തുന്നത് ഇദ്ദേഹത്തിന്റെ ശ്രമഫലമായിരുന്നു. ദുരിതത്തില്‍ മുങ്ങിത്താഴുന്ന നിരാലംബര്‍ക്ക് കിട്ടിയ കച്ചിത്തുരുമ്പായിരുന്നു CSE-യുടെ പഠനറിപ്പോര്‍ട്ട്. കാര്‍ഷികവിദഗ്ധരും കൃഷിശാസ്ത്രജ്ഞരും അന്നുവരെ എന്‍ഡോസള്‍ഫാന്‍ സ്‌പ്രേ ചെയ്യുന്നതിനെ ന്യായീകരിച്ചത് ശാസ്ത്രീയമായ തെളിവ് ചോദിച്ചായിരുന്നു. പഠനസംഘം ഒരാഴ്ചക്കാലം ഇവിടെ താമസിച്ചാണ് പരിശോധന നടത്തിയത്. എന്‍മകജെയുടെ ജീവദായിനിയായ കൊടങ്കേരി തോട്ടിലെ വെള്ളത്തില്‍ അവര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ എന്‍ഡോസള്‍ഫാന്റെ അളവ് വെള്ളത്തില്‍ അനുവദനീയമായ അളവിന്റെ 51 ഇരട്ടിയാണ്. കൊടങ്കേരി തോട്ടിന്‍കരയില്‍ കഴിയുന്ന രോഗിയായ കിട്ടണ്ണഷെട്ടിയുടെ അമ്മയുടെ രക്തത്തില്‍ കണ്ടെത്തിയത് ജലത്തില്‍ അനുവദനീയമായ പരമാവധി അളവിന്റെ 900 ഇരട്ടി!!

മണ്ണിലും വെള്ളത്തിലും പുല്ലിലും പച്ചക്കറിയിലും മൃഗങ്ങളിലും മനുഷ്യരക്തത്തിലും മുലപ്പാലില്‍പ്പോലും അവര്‍ എന്‍ഡോസള്‍ഫാന്റെ ഭീതിദമായ സാന്നിധ്യം കണ്ടെത്തി.
ലോകമനഃസാക്ഷിയെ മാത്രമല്ല, ഈ വിവരം ഞെട്ടിച്ചത്, എന്‍ഡോസള്‍ഫാനും കീടനാശിനി ലോബിക്കും വേണ്ടി എന്തുംചെയ്യാന്‍ സന്നദ്ധരാകുന്ന വിദഗ്ധരെയും ശാസ്ത്രജ്ഞരെയും അവരെ സംരക്ഷിക്കുന്ന കോര്‍പ്പറേറ്റ് താത്പര്യങ്ങളെയും രാഷ്ട്രീയ അവിശുദ്ധ ബന്ധങ്ങളെയുമായിരുന്നു.'

No comments:

Post a Comment